തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.